Saturday 7 November 2015

മാനവീയം വീഥിയില്‍ ഞായറാഴ്ച 'നോ മാന്‍സ് ലാന്‍ഡ്'


തിരുവനന്തപുരം: മാനവീയം പ്രതിവാര പൊതുചലച്ചിത്രമേളയില്‍ നവംബര്‍ എട്ട് ഞായറാഴ്ച ഓസ്‌കാര്‍ അവാര്‍ഡ് നേടിയ ബോസ്‌നിയന്‍ ചിത്രം 'നോ മാന്‍സ് ലാന്‍ഡ്' പ്രദര്‍ശിപ്പിക്കും. മലയാളം സബ്‌ടൈറ്റിലുകളോടെയുള്ള പ്രദര്‍ശനം വൈകിട്ട് 6.30 ന് ആരംഭിക്കും. ഇരുപതാമത് അന്താരാഷ്ട്ര ചലച്ചിത്രമേളക്കു മുന്നോടിയായി കേരള ചലച്ചിത്ര അക്കാദമിയും മാനവീയം തെരുവോരക്കൂട്ടവും സംയുക്തമായാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. 
2001 ല്‍ പുറത്തിറങ്ങിയ നോ മാന്‍സ് ലാന്‍ഡ് സംവിധായകന്‍ ഡാനിസ് ടാനോവിച്ചിന്റെ ആദ്യ മുഴുനീള കഥാചിത്രമാണ്. സെര്‍ബിയയും ബോസ്‌നിയയും തമ്മിലുള്ള യുദ്ധത്തിനിടെ പരിക്കേറ്റ് അതിര്‍ത്തിപ്രദേശത്തെ കിടങ്ങില്‍ പെട്ടുപോകുന്ന ശത്രുപക്ഷ സൈനികരുടെ കഥ പറയുന്ന ചിത്രം 2002 ല്‍ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്‌കാര്‍ നേടി. തുടക്കത്തില്‍ പലതവണ പരസ്പരം ഏറ്റുമുട്ടുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന സൈനികര്‍ നിലനില്‍പ്പിനായി രാജ്യങ്ങള്‍ തമ്മിലുള്ള കടുത്തയുദ്ധം മറന്ന് പരസ്പരം സഹകരിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. 
പുറത്തിറങ്ങിയ വര്‍ഷം തന്നെ കാന്‍ ചലച്ചിത്രമേളയില്‍ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം നോ മാന്‍സ് ലാന്‍ഡ് സ്വന്തമാക്കി. തിരക്കഥയ്ക്കുള്ള യൂറോപ്യന്‍ ഫിലിം അക്കാദമി അവാര്‍ഡ്, മികച്ച ചിത്രത്തിനുള്ള സെസര്‍ ഫ്രഞ്ച് ദേശീയപുരസ്‌കാരം, ആന്‍ഡ്രെ കാവെന്‍സ് പുരസ്‌കാരം, മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഗോള്‍ഡന്‍ ഗ്ലോബ് എന്നിവയുള്‍പ്പെടെ 42 അന്താരാഷ്ട്ര പുരസ്‌കാരങ്ങളാണ് ചിത്രം നേടിയത്. അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ 19-ാം പതിപ്പില്‍ കണ്ടംപററി മാസ്റ്റേഴ്‌സ് വിഭാഗത്തില്‍ നോ മാന്‍സ് ലാന്‍ഡ് പ്രദര്‍ശിപ്പിച്ചിരുന്നു.  

No comments:

Post a Comment